ഭൗമസൂചിക പദവി ലഭിക്കുന്ന കേരളത്തിലെ 24–ാം ഉൽപന്നമാണ് മറയൂർ ശർക്കര ഇടുക്കി ജില്ലയിലെ മറയൂർ, കാന്തല്ലൂർ പ്രദേശങ്ങളിലായി 900 ത്തോളം കർഷകർ ഉൽപാദിപ്പിക്കുന്ന മറയൂർ ശർക്കര, പരമ്പരാഗത രീതിയിൽ ഉൽപാദിപ്പിക്കുന്നവയാണ്. മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമായി മറയൂർ കാന്തല്ലൂർ പ്രദേശത്ത് വർഷം മുഴുവൻ കരിമ്പ് കൃഷി ചെയ്യുന്നു.
പരമ്പരാഗത രീതിയിലാണ് ഇവയുടെ ഉൽപാദനം. കരിമ്പ് വെട്ടിയെടുത്ത് ചതച്ച് നീര് എടുക്കുന്നു. യന്ത്രത്തിന്റെ സഹായത്തോടെ എടുത്ത നീര് വലിയ ഡ്രമ്മിൽ പകർത്തിവയ്ക്കുന്നു. മുകൾഭാഗത്തെ തെളിഞ്ഞ നീര് ശർക്കരയുണ്ടാക്കുന്ന വലിയ പാത്രത്തിലേക്കു മാറ്റുന്നു. 1000 ലീറ്റർ തിളപ്പിക്കാൻ ഉപയോഗിക്കുന്ന പാത്രത്തെ കൊപ്രയെന്നാണ് വിളിക്കുന്നത്. കൊപ്ര അടുപ്പിൽ വച്ചു ചൂടാക്കുന്നു. ചൂടാക്കാനായി കത്തിക്കുന്നത് നീരെടുത്ത ചണ്ടി. ചൂടായി വരുമ്പോൾ കുറച്ച് കുമ്മായം ചേർക്കുന്നു. മുകളിലെ അഴുക്ക് കോരി നീക്കുന്നു. വെള്ളത്തിന്റെ അംശം മാറുമ്പോൾ മറ്റൊരു പാത്രത്തിലേക്കു കപ്പിയുടെ സഹായത്തോടെ മാറ്റുന്നു. ചൂടാറുമ്പോൾ കൈകൊണ്ട് ഉരുട്ടിയെടുക്കുന്നു.
മറയൂർ ശർക്കരയ്ക്ക് കടുത്ത തവിട്ടുനിറമാണ് സാധാരണ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ നിറമാണ്. ബ്ലീച്ചിങ് നടത്താനായി ഹൈഡ്രോസ് തുടങ്ങിയ രാസവസ്തു ചേർക്കാത്തതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയില്ല. കൈകൊണ്ട് ഉരുട്ടിയെടുക്കുന്നതിനാൽ ശർക്കരകളിൽ കൈപ്പാട് തെളിഞ്ഞു കാണാം. ഇരുമ്പിന്റെ അംശവും കൂടുതലുള്ളതും കാൽസ്യം കൂടുതലുള്ളതുമാണ്. സോഡിയത്തിന്റെ അളവ് കുറവും കല്ല്, ചെളി മുതലായവ കുറവുമാണ്. മറ്റു ശർക്കരയേക്കാൾ ഉപ്പിന്റെ അംശം കുറവും മധുരം കൂടുതലുമാണ്.